Monday, May 23, 2011

വയനാടന്‍ കരുത്തുമായി മന്ത്രി ജയലക്ഷ്മി; പൂവണിഞ്ഞത് ഒരു ജനതയുടെ സ്വപ്നം


കോണ്‍ഗ്രസിന്റെ മാനന്തവാടി എംഎല്‍എയായ വയനാടിന്റെ വീരനായിക ജയലക്ഷ്മിയുടെ മന്ത്രിപദം ഒരു ജനതയുടെ ജന്മസാഫല്യം. ജയലക്ഷ്മി ഇനി മലയാളിയുടെ സ്വന്തം ഏകവനിതാമന്ത്രി. മാനന്തവാടി മണ്ഡലത്തില്‍ നിന്നും
അനായാസം ജയിച്ചു കയറിയ ജയലക്ഷ്മി ആദ്യ പട്ടികവര്‍ഗ്ഗ മന്ത്രിയെന്ന നിലയില്‍ ചരിത്രത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞു. തനിക്ക് വീണുകിട്ടിയ ഈ മന്ത്രിപദവി തന്റെ പരദൈവങ്ങളുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുകയാണ് ജയലക്ഷ്മി. മനുഷ്യജന്മത്തില്‍ ദൈവം എന്തുതരുന്നുവെന്നല്ല, തരുന്നത് എങ്ങനെ നിലനിര്‍ത്തുന്നുവെന്ന എന്ന ആപ്തവാക്യത്തെ മുന്‍നിര്‍ത്തി ജയലക്ഷമി തന്റെ രാഷ്ട്രീയ ജൈത്രയാത്ര തുടരുകയാണ്.മുഴുവന്‍ കക്ഷിനേതാക്കളുടെയും അനുഗ്രഹം വാങ്ങിയ ശേഷമാണ് ജയലക്ഷ്മി സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയിലേക്ക് എത്തിയത്. സത്യപ്രതിജ്ഞ ചെയ്യാനായി ജയലക്ഷമി രാജ്ഭവനില്‍ എത്തിയപ്പോള്‍, തന്റെ ഗുരുതുല്യരായ രാഷ്ട്രീയനേതാക്കളെ നേരില്‍ കാണാനും അവരില്‍ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ കഴിഞ്ഞതും ജന്മസാഫല്യമായി കരുതുന്നു. ഒപ്പം ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ഏക വനിതാ എംഎല്‍എയും മന്ത്രിയുമെന്ന നിലയില്‍ രാജ്ഭവനില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ നല്‍കിയ ആവേശമായ സ്വീകരണവും ജയലക്ഷമിയേയും കൂടെയുണ്ടായിരുന്ന കുടുംബാഗംങ്ങളെയും വികാരഭരിതരാക്കി. പാലോട്ട് തറവാട്ടില്‍ നിന്നും മാതാപിതാക്കളായ കുഞ്ഞാമനും അമ്മിണിക്കും ജ്യേഷ്ഠന്‍ ചാപ്പനും ഒപ്പമാണ് സത്യപ്രതിജ്ഞക്ക് എത്തിയത്. ജയലക്ഷ്മിയുടെ സത്യപ്രതിജ്ഞ കാണാന്‍ വയനാട്ടില്‍ നിന്നും ഇരുനൂറോളം പ്രവര്‍ത്തകര്‍ ഇന്നലെ രാജ്ഭവനില്‍ എത്തിയിരുന്നു.
ചെറുപ്രായത്തില്‍ തന്നെ ജനപ്രതിനിധിയായ പി കെ ജയലക്ഷ്മിയാണ് മാനന്തവാടി മണ്ഡലത്തില്‍ യു ഡി എഫിന്റെ വിജയക്കൊടി പാറിച്ചത്.കുറഞ്ഞ കാലം കൊണ്ട് നടത്തിയ പൊതുപ്രവര്‍ത്തനം ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. 24-ാം വയസില്‍ കവിഞ്ഞാല്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ നിന്നാണ് ആദ്യമായി ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2005ല്‍ സി പി എമ്മിലെ മീനാക്ഷിയെ 160 വോട്ടിനാണ് ജയലക്ഷ്മി കീഴ്‌പ്പെടുത്തിയത്. വ്യക്തമായ കാഴ്ചപ്പാടുകളും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിയാനുമുള്ള കഴിവുമാണ് ജയലക്ഷ്മിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതില്‍ ഇന്ത്യയില്‍ ഒന്നാംസ്ഥാനം നേടിയ പഞ്ചായത്താണ് തവിഞ്ഞാല്‍. ഈ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചതും പദ്ധതികള്‍ നടപ്പിലാക്കിയതും പി കെ ജയലക്ഷ്മി പ്രതിനിദാനം ചെയ്യുന്ന വാളാട് വാര്‍ഡിലാണ്. ഇതുമൂലം ദേശീയതലത്തില്‍ തന്നെ ജയലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദധാരിയായ ഈ കംപ്യൂട്ടര്‍ വിദഗ്ധ അവിവാഹിതയാണ്. അഞ്ച് വര്‍ഷം ജനപ്രതിനിധിയായി പ്രവര്‍ത്തിച്ച ജയലക്ഷ്മി 2010 ലും മത്സരരംഗത്തെത്തി. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡായ വെണ്‍മണിയില്‍ ജയലക്ഷ്മി ഉജ്വലവിജയം നേടി. പഞ്ചായത്തിലെ ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജയലക്ഷ്മി സംസ്ഥാനതല അമ്പെയ്ത്ത് മത്സരത്തില്‍ വെള്ളിമെഡല്‍ ജേതാവ് കൂടിയാണ്.
മഹിളാകോണ്‍ഗ്രസ് സംസ്ഥാന പ്രവര്‍ത്തകസമിതിയംഗമായ ജയലക്ഷ്മി യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി മണ്ഡലം സെക്രട്ടറിയാണ്. മാനന്തവാടി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, കുറിച്യ സമുദായ സംരക്ഷണ സമിതി വനിതാവിഭാഗം ജില്ലാപ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

സജിന്‍ തിരുവല്ലം, വീക്ഷണം ദിനപത്രം

No comments:

Post a Comment